Tuesday, November 27, 2007

പൊറുക്കുക നന്ദിഗ്രാം,

ഓ നന്ദിഗ്രം,
അവരോട്‌ പൊറുക്കുക
അവര്‍ക്ക്‌ പിഴച്ചതാണ്‌
ചെങ്കൊടി പിടിച്ച ആ കൈകള്‍
നമ്മുടേതായിരുന്നില്ല

കര്‍ഷകരെ അവര്‍ കൊല്ലുമോ?

കൃഷി ഭൂമിയില്‍ അവര്
‍മൈനുകള്‍ പാകുമോ?

തൂമ്പ പിടിച്ച ആ കൈകള്
‍നിന്റെ നെഞ്ചിലേക്ക്‌‌
കാഞ്ചി വലിക്കുമോ?

ഇല്ല,
ഇല്ല,
അവര്‍ ഒരിക്കലും
അങ്ങനെ ചെയ്യില്ല

നീ തെറ്റിദ്ധരിച്ചതാണ്‌
നിന്റെ മുറിവുണക്കാന്‍
ഞങ്ങള്‍ക്ക്‌ കഴിയും

വലിയ വായയുള്ളവര്
‍നിനക്ക്‌ വേദന തന്നവരായിരിക്കും
നീ കരയുമ്പോള്‍ ചിരിച്ചവരായിരിക്കും

ഞങ്ങള്‍ , ശബ്ദമില്ലാത്ത
കോടികളുണ്ടിവിടെ
നിനക്കു വേണ്ടി
ഞങ്ങള്‍ പറയുന്നുണ്ട്‌

നീ കേട്ടില്ലെങ്കിലും
ഞങ്ങള്‍ പരസ്‌പരം കേള്‍ക്കുന്നുണ്ട്‌

ചെങ്കൊടി കൈകള്‍ മാറി പിടിച്ചതാണ്‌
ചെങ്കൊടിയുടെ വടിയിലെ
കൈകള്‍ അവരുടേതായിരുന്നില്ല

അത്‌ കഴുകന്റെതായിരുന്നു
നീ എപ്പോഴും പേടിച്ചിരുന്ന
ആ നീല കഴുകന്റേത്‌
നന്ദിഗ്രാം.....
സത്യമാണ്‌
അത്‌‌ അവരായിരുന്നില്ല.
....................

Monday, November 26, 2007

പെണ്‍കുട്ടി ശക്തയാണ്‌

പെണ്‍കുട്ടിയുടെ
തീക്ഷ്‌ണമായ
ഒരു നോട്ടം
നിങ്ങള്‍ക്ക്‌
ഒരിക്കലും നേരിടാനാകില്ല

അപ്പോള്
‍അവളറിയാതെ
ദേഹത്ത്‌ വെച്ച കൈ
പതിയേ പിറകോട്ട്‌ മടങ്ങും

നിങ്ങളേക്കാള്‍
ശക്തയാണവള്‍

നിങ്ങള്‍ ആയുധം
കൊണ്ട്‌ ചെയ്യുന്നത്‌
അവള്‍ കണ്ണുകള്‍
കൊണ്ട്‌ ചെയ്യും

അവള്‍ എപ്പോഴും
ആയുധവാഹിനിയാണ്‌
ഉപയോഗിക്കാന്‍
അവള്‍ മറന്നു പോകുന്നത്‌
നിങ്ങള്‍ തെറ്റിദ്ധരിക്കേണ്ട

അവള്‍ക്ക്‌ തീരുമാനങ്ങളുണ്ട്‌
എന്നിട്ടും
അവള്‍
ശക്തയാണെന്ന്‌
നിങ്ങള്‍ സമ്മതിച്ചു തരില്ല

ആണത്തം പമ്പ കടക്കുന്നത്‌
എപ്പോഴും അവള്‍ക്ക്‌
മുന്നില്‍ മാത്രമാണ്‌
...........................

Saturday, November 24, 2007

സ്വപ്‌നക്കച്ചവടക്കാരന്‍

‍നഗരത്തിലെ കൊച്ചമ്മമാര്‍ക്കാണ്‌
അയാള്‍ സ്വപ്‌നങ്ങള്‍ വില്‍ക്കുന്നത്‌

സ്വപ്‌നങ്ങള്‍ നിറച്ച കുട്ടകള്‍
തലയിലേറ്റി അയാള്‍ വിളിച്ച്‌ പറയും
സ്വപ്‌നങ്ങള്‍... സ്വപ്‌നങ്ങള്‍....

നഗരത്തിന്റെ കൈവഴികളില്‍ ചേരുന്ന
ഇടവഴിയിലാണ്‌ അയാള്‍ പ്രത്യക്ഷപ്പെടുക

അവിടെയാണ്‌ കൊച്ചമ്മമാര്‍
താമസിക്കുന്നത്‌

അയാളുടെ ശബ്ദം കേട്ടാല്
‍കൊച്ചമ്മമാര്‍
വീടിനു മുന്നില്‍ഇറങ്ങി നില്‍ക്കും

കുട്ടയിലെ സ്വപ്‌നങ്ങളില്‍
അവര്‍ ശ്രദ്ധയോടെ തിരയും

കുട്ടയില്‍ നിന്നും കൈകളിലാണ്‌
അയാള്‍ സ്വപ്‌നങ്ങള്‍ നല്‍കുന്നത്‌

സ്വപ്‌നങ്ങള്‍ക്ക്‌ വില കൂടുതലാണ്‌
എന്നാലും കുട്ടയിലെ സ്വപ്‌നങ്ങളുടെ
എണ്ണം തീരെ കുറവായിരിക്കും

ബാക്കിവെച്ച സ്വപ്‌നങ്ങളുമായി
അയാള്‍ ഇതുവരെ തിരിച്ചു പോയിട്ടില്ല.............................

Friday, November 23, 2007

പൊട്ടിയ പട്ടം

ഹൃദയത്തിന്റെ
വടം പൊട്ടിയപ്പോള്
‍കണ്ണടച്ചു കിടന്നു
എന്നിട്ടും
കടന്നലുകള്‍ കൂട്ടനൃത്തം തുടര്‍ന്നു

ഏതോ
ഉള്‍വഴിയിലേക്കാണ്‌
ചിന്ത വടം പൊട്ടിച്ച്‌ കടന്നത്‌

കാരമുള്ളുകള്‍ ആകാശത്തിലേക്ക്‌
പടര്‍ന്ന കാട്ടില്‍
പ്രകാശ വേഗത്തിലൊഴുകിയപ്പോള്
‍പിറകില്‍ പെയ്‌തതെല്ലാം
ചോരമഴ
ചിന്തയുടെ പിറകെ ആയിരം
രക്തനദികള്‍ പടിഞ്ഞാട്ട്‌
കൂട്ടമായൊഴുകി

പല്ല്‌ നാക്കും
കൂട്ടിക്കടിച്ചു
നെഞ്ചില്‍
ചെണ്ടക്കോല്‍ വീണു പിടഞ്ഞു
കൊടും കാട്ടില്‍
ഒഴുകി പരന്ന ചോരയില്‍
നിശാസുന്ദരികള്‍ നൃത്തം ചയ്യുന്നുണ്ട്‌
അവരുടെ പാട്ടുകളുടെ
താളത്തില്‍
കടന്നലുകളും ചൂളമിടുന്നുണ്ട്‌

ഇനിയും ചവച്ചുപിടിക്കാന്‍
എനിക്ക്‌ കഴിയുന്നില്ലല്ലോ.
...................................